Wednesday, March 28, 2012

ആരോമലിന്റെ പുത്തരിയങ്കപ്പുറപ്പാട്

ഒരു വടക്കന്‍ വീരഗാഥയില്‍ ഇരുമ്പാണിയ്ക്കു പകരം മുളണി വച്ചു ചതിച്ച കൊല്ലനെക്കാണാന്‍ ചന്തു പോകുകയും പെരുങ്കൊല്ലനെ കൊല്ലാന്‍ വാളോങ്ങുമ്പോള്‍ കൊല്ലത്തിപ്പെണ്ണു വന്ന് പതംപറയുന്നതും കണ്ടപ്പോള്‍ അതും എംടീയന്‍ തിരക്കഥയുടെ മായന്തിരിപ്പാണെന്നാണ് കരുതിയത്. എന്നാല്‍ കൊല്ലത്തിപ്പെണ്ണിന് കാര്യങ്ങളൊക്കെ അറിയാമായിരുന്നു എന്ന് തന്നെയാണ് ആരോമലിന്റെ പുത്തരിയങ്കപ്പുറപ്പാട് വായിച്ചപ്പോള്‍ വെളിപ്പെടുന്നത്. കുളിയും കുറിയും കഴിഞ്ഞ് , ബന്ധുക്കളെ വന്ദിച്ച്, ദൈവങ്ങളെ വന്ദിച്ച് ആരോമല്‍ പുത്തരിയങ്കത്തിനിറങ്ങുന്നു. ഇറങ്ങുന്നേരം ദുശ്ശകുനങ്ങള്‍ ഏറെയാണ്. തച്ചന്റെ മഴുവും, മണ്ണാത്തി മാറ്റും , മാവിന്‍കൊമ്പ് അടര്‍ന്നു വീഴുന്നതും, അരയാല്‍ കടപുഴകിയതും ദുര്‍ന്നിമിത്തമായിട്ടും ആരോമല്‍ മടങ്ങിയില്ല. ഏഴരശ്ശനിയും അഷ്ടമത്തില്‍ വ്യാഴവും ഒത്തു വന്ന നേരമാണ് ബാലിയ്ക്ക് ഒളിയമ്പ് ഏറ്റു മരിച്ചതെന്നു നിരൂപിച്ച് തനിക്കും മരണം അടുത്തുണ്ടെന്ന് തീര്‍ച്ചയാക്കി തന്നെയായിരുന്നു പോക്ക്. ശനിദോഷമകറ്റാന്‍ ശബരിക്കുഴില്‍ ചെന്ന് അയ്യപ്പന് പായസം കഴിപ്പിച്ചും, ക്ഷീണമകറ്റാന്‍ തണ്ണീര്‍ കുടിച്ചും, വെറ്റില മുറുക്കി മുന്നോട്ടു നടക്കുമ്പോഴും മരണം നിഴലിച്ചിരുന്നു. ആ യാത്രക്കിടയില്‍ എവിടെ വച്ചോ ആണ് ചന്തുവിനെ കാണാതാകുന്നത്. കൊല്ലക്കുടിയിലെത്തുമ്പോള്‍ തന്റെ ചുരികകള്‍ പണി തീരുന്നത് കണ്ട് എന്തേ വൈകിയതെന്ന് അയാള്‍ ചോദിക്കുന്നു. രാത്രിയില്‍ അമ്പാടിക്കോലോത്ത് പണിയ്ക്കു പോയെന്ന് കൊല്ലന്‍ നുണ പറയുന്നു. ചതിയ്ക്കാന്‍ പൂര്‍ണ്ണ മനസൂ വരാഞ്ഞിട്ടോ‌ എന്തോ ചുരിക മുഴുവനായും കടഞ്ഞു തീര്‍ന്നില്ലെന്ന് ഒഴിവുകഴിവ് പറയുന്നുമുണ്ട് കൊല്ലന്‍. 

പക്ഷേ ആരോമല്‍ വാങ്ങിയത് ഒരു ചുരികയായിരുന്നില്ല. എണ്ണം പറഞ്ഞ് നാലു ചുരികകള്‍ വാങ്ങിയാണ് അയാള്‍ പതിനാറ് പണം കൊടുക്കുന്നത്. അന്നേരത്താണ് കൊല്ലത്തിപ്പെണ്ണിന്റെ ഇടപെടല്‍
"ഒന്നിങ്ങു കേള്‍ക്കേണം ചേകവരേ
ചുരിക ഇളക്കി ഞാന്‍ കണ്ടിട്ടില്ല"
ചതിയ്ക്ക് കൂട്ടു നില്‍ക്കാനാകാതെ കടക്കണ്ണില്‍ ചോര പൊടിഞ്ഞ് കൊല്ലത്തിപ്പെണ്ണ് ചുരികയൊന്ന് ഇളക്കി നോക്കി ബലം പരിശോദിക്കാന്‍ ആരോമലിനോട് ആവശ്യപ്പെടുന്നു.
"വെറുതേ പറയണ്ടാ കൊല്ലപ്പെണ്ണേ
പുത്തരിയങ്കത്തിനു പോണു ഞാനെ
വെറുതേ ചുരിക ഒട്ടും ഇളക്കയില്ല"
എന്ന് ആരോമല്‍ വീരസ്യം കട്ടായമായിത്തന്നെ പറയുന്നു. ഒരാവര്‍ത്തി കൂടി കൊല്ലപ്പെണ്ണ് ആവശ്യപെട്ടെങ്കിലും അയാളുടെ മറുപടിയില്‍ മാറ്റമുണ്ടായില്ല. വെറുതേ ചുരികയിളക്കുന്നത് കാണാനാണെങ്കില്‍ തന്റെ പുത്തൂരം വീട്ടിലേയ്ക്കു വരാന്‍ അയാള്‍ അവളെ കളിയാക്കി ക്ഷണിക്കുന്നു. നാലു ചുരികയടങ്ങിയ പൊതി കൈമാറുമ്പോള്‍ അവള്‍ പ്രാര്‍ത്ഥിക്കുന്നത്
"എന്റച്ഛാ മുത്തച്ഛാ പാരമ്പരേ
പുത്തൂരം വീട്ടിലെ ദൈവങ്ങളേ
മുറിച്ചുരികയെങ്കിലും വിളങ്ങിരിക്ക
എന്നു പറഞ്ഞു കൊടുത്തു കൈയ്യില്‍
ഇരുകൈയ്യും നീട്ട്യങ്ങ് വാങ്ങി ചേകോര്‍
പട്ടും മുറിയും കൊടുത്തവള്‍ക്കേ"

ഒരു ഗ്രീക്ക് ദുരന്ത നായകന്റെ അവസാന നിമിഷങ്ങളെ ഓര്‍മ്മിപ്പിക്കുന്ന അനുഭവമാണ് ആരോമലിന്റെ യാത്രാവിവരണം നല്‍കുന്നത്. മരണവും, ദുര്‍ന്നിമിത്തങ്ങളും അരികില്‍ കണ്ടിട്ടും അതിലേക്ക് സ്ഥൈര്യപൂര്‍വ്വം നടന്നടുക്കുന്ന കാഴ്ച.  ദുര്‍ന്നിമിത്തങ്ങള്‍ കണ്ട ശേഷവും  പിന്മാറാതെ മരണം  ഉറപ്പിച്ച് അന്തിമയുദ്ധത്തിനായി രാവണനും, ദുര്യോധനനുമൊക്കെ യാത്ര പുറപ്പെട്ടപോലൊരു പോക്ക്.  മലയാളിയുടെ ഓര്‍മ്മയില്‍ തിരശ്ശീലാ രൂപങ്ങളായി പതിഞ്ഞ "ആടാം പാടാം... അങ്കം വെട്ടിയകഥകളി"ലോ, എംടീയന്‍ തിരക്കഥയിലോ ഇല്ലാതായിപ്പോയത് അതാണ്.

0 comments:

 

(c)2009 Devadas V.M [ vm.devadas@gmail.com ]