Sunday, December 8, 2013

മാന്ത്രികപ്പിഴവ്

"നിങ്ങൾ അപ്രത്യക്ഷമാക്കിയതെന്തെങ്കിലും തിരികെ പ്രത്യക്ഷപ്പെടാതിരുന്നിട്ടുണ്ടോ?"
"ഉവ്വ്. ആരംഭകാലത്തൊരു മാന്ത്രികപ്പിഴവു പറ്റിയിട്ടുണ്ട്. എന്നാൽ പിഴവെന്ന് തീർത്തും പറഞ്ഞ് കൂടാ"
"എന്തായിരുന്നു അത്?"
"നോക്കൂ... ഇന്ന് എന്റെ പരിപാടികളിൽ ‌തിളങ്ങുന്ന ഉടുപ്പിട്ട് എല്ലായ്പ്പോഴും ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന സഹായി പെൺകുട്ടികളെ വായുവിൽ ഉയർത്തി സ്തംഭിപ്പിച്ചു നിർത്താൻ എനിക്കൊരു നിമിഷം പോലും വേണ്ടാ. എന്നാൽ ഏതാനും വർഷങ്ങൾക്കു മുമ്പ്... അന്നെനിക്ക് അത്രയധികം കരവേഗമോ, കൺകെട്ടോ ‌വശമില്ലായിരുന്നു. അക്കാലത്ത് ഒരു പെൺകുട്ടിയെ വായുവിൽ ഉയർത്തി നിർത്താൻ ഏറെ കഷ്ടപ്പെടേണ്ടി വന്നു"
"അതായിരുന്നോ ‌തുടക്കം?"
"വായുവിൽ സ്തംഭിപ്പിക്കൽ , അപ്രത്യക്ഷമാക്കൽ എന്നിവയൊക്കെ ആരംഭിച്ചത് ആ സംഭവത്തിൽ നിന്നാണെന്ന് ‌പറയാം. മറ്റാരുമില്ലാത്ത സമയത്ത് എന്റെ വീട്ടിലേയ്ക്ക് ‌കടന്നു വന്നൊരു പെൺകുട്ടി. ഞാനെന്തൊക്കെയോ ജാലവിദ്യകൾ ‌കാണിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടു."
"എന്നിട്ട്?"
"മായാജാല ദണ്ഡിനു പകരം ഒരു മുരണ്ട് കറങ്ങുന്നൊരു സീലിങ്ങ് ഫാനും, മാന്ത്രികത്തൊപ്പിയ്ക്ക് ‌പകരം അഴിഞ്ഞുലഞ്ഞ ഒരു സാരിയുമായിരുന്നു  കൈസഹായത്തിനുണ്ടായിരുന്നത്"
"വിജയിച്ചോ?"
"സ്തംഭനം, അപ്രത്യക്ഷമാക്കൽ... എല്ലാം വിജയിച്ചു. പക്ഷേ ആ വിദ്യ പാതിയിൽ നിർത്തേണ്ടി വന്നു"
"അതിന് തുടർച്ചയുണ്ടാകുമോ?"
"ആ വിദ്യയുടെ മറുപാതിയാണ് ഞാനിന്ന് സ്വയം ചെയ്യാൻ പോകുന്നത്. ഒരു ഗില്ലറ്റിൻ ക്ഷുരക വിദ്യ"

3 comments:

ajith said...

മാജിക്കല്‍ എറര്‍

ശ്രീ said...

"മായാജാല ദണ്ഡിനു പകരം ഒരു മുരണ്ട് കറങ്ങുന്നൊരു സീലിങ്ങ് ഫാനും, മാന്ത്രികത്തൊപ്പിയ്ക്ക് ‌പകരം അഴിഞ്ഞുലഞ്ഞ ഒരു സാരിയുമായിരുന്നു കൈസഹായത്തിനുണ്ടായിരുന്നത്"

:)

അഭി said...

:)

 

(c)2009 Devadas V.M [ vm.devadas@gmail.com ]