Tuesday, February 14, 2017

സന്ദേശകാവ്യം


മഞ്ഞുമാസമേ
എന്നെ ഒറ്റക്കാക്കിയതെന്ത്
എന്നെ ഒറ്റക്കാക്കിയതെന്ത്
എന്ന് നിലവിളിക്കാനായുമ്പോൾ
ഒച്ചയുണ്ടാക്കരുതെന്ന്
മുറുമുറുപ്പോടെ വെറുപ്പോടെ
കറുത്തും വെളുത്തും പൂച്ചകൾ
അവർക്കു മാത്രം വഴി കാണിക്കുവാൻ
തെളിഞ്ഞ നക്ഷത്രങ്ങൾ "
- ടി.പി. അനിൽകുമാർ

ഒട്ടുമിക്ക വിരഹകാവ്യങ്ങളിലെയും പോലെ ഹംസമോ പ്രാവോ ചകോരമോ മയിലോ അല്ല,  കുരങ്ങനോ കുതിരയോ മനുഷ്യനോ അല്ലേയല്ല, നിഴലോ നിലാവോ ഒന്നുമായിരുന്നില്ല അവരുടെ ഇടനിലക്കാരൻ. വാഗയിലെ പട്ടാളക്കുശിനിക്കാരന്റെ കൈപ്പുണ്യമാർന്ന മാട്ടിറച്ചിയിലെ കുരുമുളകെരിവിന്റെ തരിപ്പ്‌ കയറി സ്വപ്നത്തിൽ ചുമയ്ക്കുന്ന വാഗമൺകാരിയുടെ വിനിമയമാദ്ധ്യമം ഊറിയൊലിക്കുന്ന സ്വന്തം ഉമിനീരാകുന്നു.  എല്ലാ രാത്രികളിലും ‌‌ഉറക്കത്തിനിടെ വായിൽ നിന്ന് പുറത്തു കടന്ന്, നുണക്കുഴിയിൽ വീണുപോകാതെ കവിളിലൂടെ പതിയെപ്പതിയെ നടന്ന്, ചെവിയിലൂടെ അപ്രത്യക്ഷനാകുന്ന ഒരു ഒച്ച് ‌‌ഇഴഞ്ഞതിന്റെ പാട് അവളുടെ കവിളിൽ ‌‌അവശേഷിപ്പാകുന്നു. സ്വപ്നകവാടം ‌‌അടയുന്നതിന്റെ വിജാഗിരി ഞെരക്കത്തോടെ  ‌‌ ‌‌മുഖം ‌‌ചുളിച്ചുകൊണ്ടവൾ ഉറക്കം വെടിയുന്നു.  അവൾ ഉണരുന്നു; എല്ലാ അർത്ഥത്തിലും ഉണരുന്നു. ഉണർത്തുമണിയൊച്ചയുടെ സഹായമൊന്നുമില്ലാതെ തന്നെ വാഗയിലെ പട്ടാളക്കുശിനിക്കാരനും  ഉണരുന്നു. അവളുണരുന്ന അതേ സമയത്തു തന്നെ അവനുമുണരുന്നു; എല്ലാ അർത്ഥത്തിലും ഉണരുന്നു. നീണ്ട കോട്ടുവായിട്ടും, അലസമായി ഞൊട്ടയൊടിച്ചും, നട്ടെല്ലു മുറുകും വണ്ണം ‌മൂരിനിവർന്നും ഒരു ദിവസത്തിന്റെ ഉത്സാഹത്തിലേയ്ക്ക് ഇരുവരും രക്തയോട്ടം കൂട്ടുന്നു. 

ചന്ദ്രനോ ചക്രവാകമോ ഒന്നുമല്ല തങ്ങളുടെ പ്രണയദൂതിനു കൂട്ടുള്ളതെന്ന് തിരിച്ചറിഞ്ഞെന്നോണം നടന്നു ചെന്ന് അവർ മുഖം കഴുകുന്നു. രാത്രിയിലെ മധുരസ്വപ്നത്തിന്റെ അവശേഷിപ്പ് നാക്കിൽ പുളിനുരപ്പായി പറ്റിപ്പിടിച്ചതിനെ വെള്ളം ‌കവിൾക്കൊണ്ട ശേഷം കുലുക്കൊഴിഞ്ഞു തുപ്പുന്നു. അനുരാഗ നാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നിട്ടും ‌മുഴുവനായും വേദിയെ മറച്ചുകൊണ്ട് വീഴാത്ത തിരശ്ശീല പോലെ പീളകെട്ടിയ കണ്ണുകളെ നനവുള്ള വിരലാൽ തഴുകിക്കൊണ്ട് അരങ്ങ് പിരിച്ചു വിടുന്നു. അവൻ തകര ഡപ്പി തുറന്ന് ‌പുകയിലയെടുത്തു ഞെരടി ചവച്ചും, അവൾ മുടി വേറെടുത്ത് കെട്ടി വച്ചും ‌അവരവരുടെ അടുക്കളയിൽ കയറുന്നു. ഉള്ളാലെയുള്ളൊരു മോഹം  ‌ആരും കാണാതെ മൂടിയിരിപ്പതു പോലെ ‌അവരുടെ ചായപ്പാത്രം അവിടെ കമിഴ്ത്തി വച്ചിരിക്കുന്നു. അവരതെടുത്ത് വെള്ളം നിറച്ച ശേഷം ‌അടുപ്പത്തു കയറ്റി വയ്ക്കുന്നു. കൈപ്പത്തി വിടർത്തി ചൂടുകാഞ്ഞുകൊണ്ട് പാത്രത്തിൽ താന്താങ്ങളുടെ മനോരാജ്യത്തെ വെട്ടിത്തിളപ്പിക്കുന്നു. കുമിളകളുയരുന്നേരം നത്തോ നിലാവോ ഒന്നുമല്ല തങ്ങളുടെ ദൂതനെന്ന് ഒരിക്കൽകൂടി തീർച്ചപ്പെടുത്തുന്നു. ആ പ്രസ്താവനയ്ക്ക്‌ കൈയ്യൊപ്പിടുന്നത്‌ പോലെ കറ പിടിച്ച പഴഞ്ചൻ പാത്രത്തിലേയ്ക്ക്‌ തേയിലപ്പൊടി തട്ടുന്നു. ശേഷം തെല്ലിട കണ്ണുകളടച്ച് നെടുവീർപ്പിടുന്നു. നെരിപ്പോടു പോലെ എരിയുന്നൊരു ചുടുനെടുവീർപ്പിനാൽ അവരുടെ കടുംചായ വെട്ടിത്തിളയ്ക്കുന്നു. 

അതിർത്ഥിയിലെ ആരവങ്ങൾക്കിടയിൽ പതാകയിറക്കുന്ന ‌ചടങ്ങിന്റെ കൃത്യതയോടെ അവൻ ‌ആ ചായപ്പാത്രം ‌ഇറക്കി വച്ച ശേഷം തേയില അരിച്ചു മാറ്റുന്നു. വീടിന് പുറത്തിറങ്ങുന്നതിനു മുമ്പായി അണിഞ്ഞൊരുങ്ങുമ്പോൾ കൺകോണിൽ ‌മഷിയെഴുതുന്നയത്ര ശ്രദ്ധയോടെ അവളും ‌പാത്രമിറക്കി ‌ചായ അരിക്കുന്നു. കൊതിയനെറുമ്പുകൾ ‌എത്താത്തിടത്ത് കയറ്റി വച്ച പഞ്ചസാരപ്പാത്രം തിരയുന്നു. കാൽവിരലുകളിൽ കുത്തി ഉടലുയർത്തി കൈയ്യെത്തിച്ച് പഞ്ചസാരപ്പാത്രം താഴേയ്ക്കെടുക്കുന്നു. ആവശ്യത്തിന്‌ മധുരമിട്ടിളക്കിയ ശേഷം ചായക്കപ്പ് ‌ചുണ്ടോടടുപ്പിക്കുന്നതിനു മുമ്പ് ‌അവരതിലേയ്ക്ക് ഉറ്റു നോക്കുന്നു. മുഖം നോക്കിയാലും മൂക്കിൻ ദ്വാരം മാത്രം പ്രതിഫലിക്കുന്ന കടും‌ചായയിൽ നിന്ന് ‌ആവി പറക്കുന്നു. മെല്ലെ മെല്ലെ ഊതിയാറ്റി അവരത്‌ മൊത്തിക്കുടിക്കുന്നേരത്ത്‌ പ്രണയശീൽക്കാരത്തിന്റെ ശബ്ദം ഓർമ്മകളിൽ തെളിയുന്നു. ആ വിചാരത്തിൽ അവരുടെ ഉടൽ പൊടുന്നനെ ഉരുണ്ടും തിരിഞ്ഞുമുള്ള  ചില കെട്ടിമറിയലുകൾക്ക് ഒരുമ്പെടുന്നു. പക്ഷെ ഏകാന്തതയുടെ നടുക്കവെടി പൊട്ടിയതും പ്രണയത്തിന്റെ ശീൽക്കാരശബ്ദം പൊടുന്നനെ വിരഹത്തിന്റെ തീവണ്ടിയൊച്ചയിലേക്ക് ചരണപഥം മാറ്റുന്നു. അവരുടെ ഉള്ളകമപ്പോൾ ഒരു യാത്രാമൊഴി ഓർത്തെടുക്കുന്നു. കൈയ്യുകൾ വീശി നിൽക്കെ മെയ്യുകളകന്നു പോയ നിമിഷത്തെ തിരിച്ചറിയുന്നു.  അപ്പോഴവർ രാത്രിയെ, തനിച്ചുറക്കത്തെ, നിലാവിനെ എല്ലാമെല്ലാം തങ്ങളുടെ പാതി മനസ്സാൽ വെറുക്കുന്നു. ശേഷം ചായ കുടിച്ചു തീർത്തുകൊണ്ട് തങ്ങളുടെ പതിവു മടുപ്പൻ പ്രഭാതത്തെ എന്നത്തേയും പോലെ വരവേൽക്കുന്നു.  

(മാധ്യമം ഓണപ്പതിപ്പ് - 2016)

0 comments:

 

(c)2009 Devadas V.M [ vm.devadas@gmail.com ]